History of Grama Panchayat
വിവിധ ജാതിമതസ്ഥര്‍ ഒരുമയോടെ ജീവിച്ച് മതസൌഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയായി പണ്ടുകാലം മുതല്‍ കഴിഞ്ഞുകൂടിയ നാടാണിത്. അമ്പലങ്ങളിലേയും മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലേയും ആഘോഷങ്ങള്‍ പരസ്പരം സഹകരിച്ച് നടത്തിപ്പോരുന്നതു മതസൌഹാര്‍ദ്ദത്തിന്റെ പൊരുള്‍ വിളിച്ചറിയിക്കുന്നു. കെട്ടുകാഴ്ചകളും, വേലകളിയും, പുരാണകലാരൂപങ്ങളും അരങ്ങേറുന്ന പടയണി മഹോത്സവം നടത്തപ്പെടുന്ന അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലൊന്നാണ് കോട്ടാങ്ങല്‍ ദേവീക്ഷേത്രം. കോട്ടാങ്ങല്‍, കുളത്തൂര്‍, ഏറെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന വായ്പ്പൂര് മുസ്ളീം പഴയ പള്ളിയും ചരിത്രമുറങ്ങുന്ന കത്തോലിക്കാ പഴയ പള്ളിയും തൊട്ടുരുമി നിന്ന് സൌഹൃദം പങ്കു വയ്ക്കുന്നു. കോട്ടാങ്ങല്‍ ദേവീക്ഷേത്രം ഒരു കാലത്ത് ശബരിമല തീര്‍ത്ഥാടകരുടെ ഒരു ഇടത്താവളമായി ഉപയോഗിച്ചിരുന്നു. കാടിക്കാവിലെ ശുഭാനന്ദ മിഷ്യന് ആശ്രമം ശുഭാനന്ദ ഗുരുദേവന് തന്നെ ഇവിടെ വന്ന് സ്ഥാപിച്ച് അനുഗ്രഹം നല്‍കിയിട്ടുള്ള ഒരു ആശ്രമ സങ്കേതമാണ്. കോട്ടാങ്ങല്‍, കുളത്തൂര്‍, വായ്പൂര്, കുളങ്ങരക്കാവ് ദേവിക്ഷേത്രങ്ങളും ശ്രീരാമചന്ദ്രന്റെ വനവാസവുമായി ബന്ധമുള്ള പുണ്യപുരാണ ക്ഷേത്രമായ തൃശ്ശിവപുറം ക്ഷേത്രം, ശാസ്താംകാവ്ക്ഷേത്രം എന്നിവയും ഈ പഞ്ചായത്ത് പ്രദേശത്തെ ശംഖനാദങ്ങളാല് മുഖരിതമാക്കുന്നു. നൂറുവര്‍ഷത്തോളം പഴക്കമുള്ള കല്ലേലി സോമശേഖരക്ഷേത്രം, മലമ്പാറ വിശ്വകര്‍മ്മ ക്ഷേത്രം എന്നിവയും വിശ്വാസികള്‍ക്ക് ആത്മചൈതന്യം പകരുന്നു. കാടിക്കാവ് ഭാഗത്തുള്ള ആത്മബോധോദയസംഘം വക പ്രാര്‍ത്ഥനാലയവും ആശ്രമവും, പുലിയുറുമ്പ്, മലമ്പാറ എന്നിവിടങ്ങളിലെ പി.ആര്.ഡി.എസ് മണ്ഡപങ്ങളും വൈവിധ്യമാര്‍ന്ന വിശ്വാസാചാരങ്ങള്‍ പഠിപ്പിക്കുകയും ഈ വൈവധ്യത്തിലും ഏകത്വത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. കുളത്തൂര്‍ ചെറുപുഷ്പദേവാലയം, ചുങ്കപ്പാറ മലങ്കര കത്തോലിക്കാ ദേവാലയം, ചുങ്കപ്പാറ മാര്‍ത്തോമ ദേവാലയം, ചുങ്കപ്പാറ ചെറുപുഷ്പദേവാലയം, കോട്ടാങ്ങല്‍ സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ് ചര്‍ച്ച്, ആലപ്രക്കാട്ട് സെന്റ് ആന്റണീസ് ചര്‍ച്ച്, നിര്‍മ്മലപുരം സെന്റ് ആന്‍ഡ്രൂസ് കത്തോലിക്കാപ്പള്ളി, ചെങ്ങാരുമല ഊട്ടുകുളം, കുടിലുങ്കല്‍, നെടുമ്പാല, മലമ്പാറ എന്നിവിടങ്ങളിലുമുള്ള വിവിധ പെന്തക്കോസ്തു സഭകള്‍ നൂറില്‍പരം വര്‍ഷം പഴക്കമുള്ളതും പാശ്ചാത്യ മിഷ്യനറിമാര്‍ നേരിട്ട് സ്ഥാപിച്ചതുമായ വായ്പൂര് സെന്റ് ലൂക്ക് സി.എസ്.ഐ. ദേവാലയം എന്നിവ ഈ പഞ്ചായത്തിലുള്ള ക്രൈസ്തവര്‍ക്ക് ആത്മീയ നേതൃത്വം നല്കുന്നു. നാനാജാതി മതസ്ഥര്‍ ഏകദേശം സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഒരു പ്രദേശമാണ് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്. 1930 വരെ കീഴ്ജാതിക്കാര്‍ക്ക് വെളുത്ത വസ്ത്രം ധരിക്കാനോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനോ വിദ്യ അഭ്യസിക്കാനോ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവര്‍ണ്ണരുടെ അപ്പച്ചന് എന്നറിയപ്പെടുന്ന പൊയ്കയില്‍ ശ്രീകുമാരഗുരു കുളത്തൂര്‍ ഭാഗത്തുള്ള പുലിയുറുമ്പ് കുന്നിന് പുറത്ത് വന്ന് താഴ്ന്ന ജാതിക്കാരെ സംഘടിപ്പിച്ച് അവരുടെ ഭൌതിക-ആത്മീക വളര്‍ച്ചയക്ക് ആവശ്യമായ പ്രവര്‍ത്തനം ആരംഭിച്ചു. കുടിപള്ളിക്കൂടങ്ങളും ആശാന് കളരികളും മാത്രമുണ്ടായിരുന്ന ഈ പഞ്ചായത്ത് പ്രദേശത്ത് വ്യവസ്ഥാപിതമായ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ പ്രകാശഗോപുരമായി കുളത്തൂര്‍ എല്‍.പി.സ്കൂള്‍ ആരംഭിച്ചു. അതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഏഴ് എല്‍.പി.സ്കൂളുകളും രണ്ട് യു.പി സ്കൂളുകളും ഉണ്ടായി. കാലങ്ങളില്‍ വായ്പൂര് എന്‍.എസ്.എസ്. യു.പി സ്കൂളും ചുങ്കപ്പാറ സെന്റ് ജോര്‍ജ് യു.പി സ്കൂളും ഹൈസ്കൂളുമായി ഉയര്‍ത്തുകയും 1978-ല്‍ കുളത്തൂര്‍ സെന്റ് ജോസഫ് യു.പി സ്കൂള്‍ തുടങ്ങുകയും 1984-ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1950-ല്‍ ആരംഭിച്ച് 1951-ല്‍ കേരളഗ്രന്ഥാശാല സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത നാട്ടിലെ ആദ്യത്തെ അംഗീകൃത സാംസ്കാരിക സ്ഥാപനം കോട്ടാങ്ങല്‍ ദേശസേവിനി ഗ്രന്ഥശാലയാണ്. 1956-ല്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കേരളപുരം പബ്ളിക് ലൈബ്രറിയും പിന്നീട് വായ്പൂര് പ്രദേശത്ത് രൂപം കൊണ്ട പ്രഭാത് പബ്ളിക് ലൈബ്രറിയും അടുത്ത കാലത്തുണ്ടായ സി.വൈ.എം. ലൈബ്രറിയും പില്ക്കാലത്ത് പഞ്ചായത്തിന്റെ കീഴിലുള്ള സാംസ്ക്കാരിക നിലയങ്ങളാക്കി മാറ്റിയിട്ടുണ്ട്. 1976-ല്‍ ആരംഭിച്ച കോട്ടാങ്ങല്‍ ഇസ്ളാമിക് കള്‍ച്ചറല്‍ സൊസൈറ്റി എന്ന അംഗീകൃത (രജി.നമ്പര്‍ 69/86) സാംസ്ക്കാരിക സംഘടന മത ഭൌതീക വിദ്യാഭ്യാസ രംഗങ്ങളിലും നാട്ടില്‍ മതസൌഹാര്‍ദ്ദം ഉറപ്പാക്കുന്ന കാര്യത്തിലും സേവനതുറകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നു. കൃഷിഭൂമിയലധികവും ജന്മികളുടെയും വിവിധ ദേവസ്വങ്ങളുടെയും, ഇടപ്പള്ളി സ്വരൂപങ്ങളുടെയും വകയായിരുന്നു. 1970-ലെ ഭൂനയബില്ലില് പ്രകാരം ജന്മിത്വം അവസാനിച്ചു. അരനൂറ്റാണ്ടുമുമ്പ് പഞ്ചായത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് വായ്പൂരില്‍ ആരംഭിച്ചു. 1955-ല്‍ കോട്ടാങ്ങല്‍ ഒരു പോസ്റ്റോഫീസ് ആരംഭിച്ചു. ചുങ്കപ്പാറ, കുളത്തൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റോഫീസുകളുണ്ടായി. 1980 നുശേഷമാണ് ടെലിഫോണ്‍ സൌകര്യം നാട്ടില്‍ വന്നത്. ചുങ്കപ്പാറ, വായ്പൂര് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സേഞ്ചുകള് പ്രവര്‍ത്തിക്കുന്നു.